അച്ഛന്റെ സ്മാഷുകൾ ബാഡ്മിന്റൻ കോർട്ടിൽ വീശിയടിച്ച് മകൾ റിയ ടോം; ഡബിൾസ്, മിക്സഡ് ഡബിൾസ്, സിംഗിൾസ് വിഭാഗങ്ങളിൽ നേടിയത് 6 മെഡൽ

കോട്ടയം: മുൻ രാജ്യാന്തര വോളിബോൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫിന്റെ മകൾ റിയ ടോമിനു ജില്ലാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനം.

ഡബിൾസ്, മിക്സഡ് ഡബിൾസ്, സിംഗിൾസ് വിഭാഗങ്ങളിൽ 6 മെഡൽ റിയ നേടി.

അണ്ടർ 19, സീനിയർ വിഭാഗം പെൺകുട്ടികളുടെ ഡബിൾസിൽ ഇരട്ടസ്വർണം, അണ്ടർ 19 മിക്സഡ് ഡബിൾസിൽ വെള്ളി, സീനിയർ വിഭാഗം സിംഗിൾസ്, മിക്സഡ് ഡബിൾസ്, അണ്ടർ 19 സിംഗിൾസ് എന്നിവയിൽ വെങ്കലം എന്നിങ്ങനെയാണു മെഡൽ നേട്ടം.

ഡബിൾസിൽ ശ്രീയ കെ.മേനോനും മിക്സഡ് ഡബിൾസിൽ ആൽബി ജോമിയും അക്ഷയ് തെങ്ങുംപള്ളിയിലുമാണു റിയയുടെ ഒപ്പമുണ്ടായിരുന്നത്.

പാലാ സെന്റ് തോമസ് കോളേജും പരിശീലകൻ ഷിബു ഗോപിനാഥും ചേർന്നു സെന്റ് തോമസ് കോളജിൽ നടത്തുന്ന ഷിബ്സ് അക്കാദമിയിലെ താരമാണു റിയ.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായി കഴിഞ്ഞ ദിവസം ചേർന്നു. ടോം ജോസഫ് കൊച്ചി ബിപിസിഎല്ലിൽ മാനേജരാണ്. അമ്മ ജാനറ്റ് ടോം സൗത്ത് പറവൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ അധ്യാപികയാണ്.