ആട് 3 തിയേറ്ററുകളിലേക്ക്; അടുത്ത മാസം റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യും. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം പുണ്യദിനമായ റംസാൻ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാർച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ആടിൻ്റെ മൂന്നാം പതിപ്പിൽ എത്തുമ്പോൾ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകർ , ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുൻഭാഗങ്ങളുടെ വിജയവും, കഥാപാത്രങ്ങളിലെ കൗതുകവും, വിശാലമായ ക്യാൻവാസ്സും വൻ മുതൽമുടക്കുമൊക്കെയാണ് ഈ ചിത്രത്തിന് വലിയ പ്രതീക്ഷക്ക് വകനൽകിയിരിക്കുന്നത്. ജയസൂര്യക്ക് പുറമേ വിനായകൻ, സൈജുക്കുറുപ്പ്, സണ്ണി വെയ്ൻ, ധർമ്മജൻ ബൊൾഗാട്ടി, ഇന്ദ്രൻസ്, അജുവർഗീസ്. വിജയ് ബാബു, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ പി ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നുണ്ട്.