രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട എട്ടുപേരെ പിടികൂടിയതായി ഡൽഹി പൊലീസ്. ബംഗ്ലാദേശിലെ തീവ്ര സംഘടനകൾ, പാകിസ്താൻ ചാര സംഘടനായ ഐഎസ്‌ഐ എന്നിവരുമായി ബന്ധമുള്ളവരെയാണ് പിടികൂടിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നും ബംഗാളിൽ നിന്നുമാണ് പൊലീസ് ഇവരെ പിടികൂടിയത്. ആറ് പേരെ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും രണ്ട് പേരെ ബംഗാളിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. വിദേശത്തു നിന്നുള്ളവരുടെ നിർദേശപ്രകാരം രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. പിടികൂടിയവരിൽ ചിലർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും വ്യാജ ആധാറും മറ്റും ഉപയോഗിച്ച് രാജ്യത്ത് കഴിഞ്ഞു വരികയാണെന്നും പൊലീസ് പറഞ്ഞു.
പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത് എന്ന് ഡൽഹി പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായ പ്രതികൾ എല്ലാവരും തുണിമില്ലിലാണ് ജോലി ചെയ്തിരുന്നത്. എട്ട് മൊബൈൽ ഫോണുകൾ, 16 സിം കാർഡുകൾ എന്നിവയും പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. രാജ്യത്തെ ആരാധനാലയങ്ങൾക്ക് നേരെയും ചരിത്ര സ്മാരകങ്ങൾക്ക് നേരെയും ലഷ്കർ ഇ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. ലഷ്കർ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും വർധിപ്പിച്ചിരുന്നു.
