ശതമാനം കുറഞ്ഞത് തുണയാകുമെന്ന് സിപിഎം; കേഡര്‍ വോട്ടുകളില്‍ പ്രതീക്ഷയുമായി ഇടതു പക്ഷം; ശബരിമലയും വിവാദങ്ങളും കാരണം സഖാക്കള്‍ വന്നില്ലെന്ന് കോണ്‍ഗ്രസും; വോട്ടര്‍മാരെ അകറ്റാൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദവും കാരണമായി; ഒത്തുകളി രാഷ്ട്രീയത്തില്‍ ജനം മടത്തുവെന്ന് ബിജെപി; നാളെ ജനവിധി അറിയാം….!

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറയുമ്പോള്‍ മുന്നണികള്‍ കണക്കു കൂട്ടലില്‍.

ശതമാനം കുറയുമ്പോള്‍ സിപിഎമ്മിന് നേട്ടമെന്നതാണ് പഴയ പല്ലവി. എന്നാല്‍ അതൊന്നും ഇപ്പോള്‍ യഥാര്‍ത്ഥ്യമാകാറില്ല. ശബരിമലയിലും ഭരണ പ്രശ്‌നങ്ങളിലും വേദനയുള്ളവര്‍ വോട്ട് ചെയ്യാനെത്തിയില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദമാണ് വോട്ടര്‍മാരെ അകറ്റിയതെന്ന് ഇടതുപക്ഷവും കരുതുന്നു. തങ്ങളുടെ കേഡര്‍ വോട്ടുകളെല്ലാം പോള്‍ ചെയ്തുവെന്നാണ് സിപിഎം നിരീക്ഷണം. ഭരണപ്രതിപക്ഷ ഒത്തുകളിയാണ് വോട്ടര്‍മാരെ അകറ്റുന്നതെന്ന് ബിജെപിയും പറയുന്നു.

വലിയ നേട്ടങ്ങള്‍ അവരും അവകാശപ്പെടുന്നു.
വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 76.08 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് പിന്നീട് പുറത്തുവരും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 77.9 ശതമാനമായിരുന്നു ഈ ജില്ലകളിലെ ശരാശരി പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 70.91 ശതമാനമായിരുന്നു പോളിങ്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലയില്‍ 94,10,450 പേര്‍ സമ്മതിദായക അവകാശം വിനിയോഗിച്ചു. 2020ല്‍ ഇൗ ഏഴു ജില്ലകളിലെ ശരാശരി പോളിങ് 73.82 ശതമാനമായിരുന്നു. ഇക്കുറി ഏഴ് ജില്ലയിലും പോളിങ് കുറഞ്ഞു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പോളിങ്, 74.57 ശതമാനം. കുറവ് പത്തനംതിട്ടയിലും 66.78. അതായത് രണ്ടു ഘട്ടത്തിലും പോളിങ് കുറഞ്ഞു.

കേരളത്തിന്റെ ചിന്ത ഒരേ മനസ്സിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കുറവ്. അതുകൊണ്ട് തന്നെ ഫലം കേരളത്തില്‍ ഉടനീളം ഒരു മുന്നണിയ്ക്ക് അനുകൂലമാകുമെന്ന വിലയിരുത്തല്‍ ഉണ്ട്. വലിയ പ്രചരണമാണ് ബിജെപി ഇത്തവണ നടത്തിയത്. ഇതിന്റെ വോട്ടിങ്ങിലെ പ്രതിഫലനവും അന്തിമ ഫലത്തെ തീരുമാനിക്കും. നാളെയാണ് വോട്ടെണ്ണല്‍.