പാലക്കാട് പിരായിരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് സാരി നല്‍കിയതായി ആരോപണം. കല്ലേക്കാട് മേഖലയില്‍ അടക്കം സാരി വിതരണം ചെയ്തതായാണ് ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സാരി വിതരണം ചെയ്യുന്നതായി മുന്‍പ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം പാലക്കാട് കണ്ണാടി മേഖലയില്‍ വോട്ടിന് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണം. റിപ്പോര്‍ട്ട് തേടിയതുകൊണ്ട് മാത്രം കാര്യമില്ല. നടപടി വേണം. പണം കൊടുത്ത് പാലക്കാടിനെ വാങ്ങാന്‍ കഴിയില്ല. പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയെയും അവരുടെ പണവും തള്ളിക്കളയും. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. പാലക്കാട് ബിജെപി പരാജയം സമ്മതിച്ചു. പ്രധാനമന്ത്രി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് പണം നല്‍കേണ്ടി വന്നു. സംഭവം ശോഭാ സുരേന്ദ്രനെ തുറന്നുകാട്ടിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
