കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് ക്രൂരത; സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കൊല്ലം: സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. കൊട്ടിയം മൈലാപൂരിൽ വെച്ച് നവംബർ 26ന് ചൊവ്വാഴ്ചയായിരുന്നു ക്രൂരസംഭവം. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചികിത്സക്കിടെ ആശുപത്രിയിൽവെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കടം വാങ്ങിയ 20,000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു എന്നാണ് കേസ്. സുഹൃത്തുക്കളും മൈലാപ്പൂർ സ്വദേശികളുമായ ഷഫീക്ക്, തുഫൈൽ എന്നിവരാണ് പ്രതികൾ.

റിമാൻഡിൽ ഉള്ള പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തും. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഓട്ടോറിക്ഷയുടെ ഉള്ളിൽ വെച്ച് ഇരുവരും ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് റിയാസ് പോലീസിന് മൊഴി നൽകിയിരുന്നു.

ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാവുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു.