വീണ വിജയന്റെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു; തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിൽ പരിശോധന

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ വിജയന്റെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്തുമണിയോടെ തന്നെ ഇഡി സംഘം ബാങ്കിലെത്തിയിരുന്നു. വീണയുടെ മരവിപ്പിച്ച അക്കൗണ്ടിന്റെ പരിശോധനയാണ് നടക്കുന്നത്. അതിനാല്‍ വീണയുടെ സാന്നിദ്ധ്യം ആവശ്യമില്ല. ആവശ്യമെങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ വീണയെ വിളിച്ചുവരുത്തുമെന്നാണ് വിവരം.

കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്നാണ് ഇഡി പറയുന്നത്. വീണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.