തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നായ ഇന്ന് തകർപ്പൻ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇതേതുടർന്ന് ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിടിച്ചിരിക്കുന്നത്.
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. സ്കൂളുകള്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
കൂടാതെ മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
