സ്വർണ ഉപഭാക്താക്കൾക്ക് ഇന്ന് ആശ്വാസം; വിലയിൽ ഇന്ന് ഇടിവ്, ഗ്രാമിന് കുറഞ്ഞത് 40 രൂപ

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ മുന്നോട്ട് കുതിച്ച സ്വർണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 116960 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 40 രൂപ കുറഞ്ഞ് 14620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 131160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 12,010 രൂപയും (8 ഗ്രാമിന് 96,080) വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.

പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്ന സാഹചര്യം സ്വർണവിലയിലും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്‍. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുത്തനെ ഉയർന്നതോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കാൻ സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു. സ്വർണ്ണം വാങ്ങുന്നതിനായുള്ള ചെലവഴിക്കലുകൾ പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.