കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു, വരും ദിവസങ്ങളിൽ കുറയുമോ എന്ന പ്രതീക്ഷയിൽ വിപണി

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,975 രൂപയും. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്‌ത്‌ നോക്കുമ്പോള്‍ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 91,880 രൂപയും ഗ്രാമിന് 11,485 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,945 രൂപയും പവന് 71,560 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,765 രൂപയും പവന് 46,120 രൂപയുമാണ് ഇന്നത്തെ വില.

ശനിയാഴ്ച 1,12,080 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ 1.20 ലക്ഷം രൂപ ചെലവുണ്ടാകും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം കിട്ടിയേക്കാം. വെളളിവിലയിലും ഇന്ന് കുറവാണുള്ളത്. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുമായിരുന്ന വെളളിവില ഇന്ന് ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഇറാന്‍-ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടുകഴിഞ്ഞു. ചര്‍ച്ചയുടെ പരാജയം സ്വര്‍ണവിലയേയും ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇനി സ്വര്‍ണവിലയില്‍ കൂടുതല്‍ ഇടിവുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിപണിവിദഗ്ധര്‍.