കോട്ടയം: അന്താരാഷ്ട്രതലത്തിൽ പുസ്തകപ്രസാധനത്തിന് നൽകിവരുന്ന 2026 ലെ ‘അഫിസിയാനാഡോ പുരസ്കാര’ത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഡി സി ബുക്സ് ഇടം നേടി. പ്രസാധന രംഗത്തെ സംഭാവനകളും സാംസ്കാരികവിനിമയത്തിനായി നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളും പരിഗണിച്ചാണ് ഡി സി ബുക്സിനെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്.
ഇറ്റലിയിൽ നടന്ന ‘സലോൺ ഇന്റർനാഷണൽ ഡെൽ ലിബ്രോ ടോറിനോ’ പുസ്തകമേളയിൽ മേയ് 13-നാണ് ഫൈനലിസ്റ്റുകളുടെ പ്രഖ്യാപനം നടന്നത്. ചടങ്ങിൽ ഡി സി ബുക്സ് പ്രതിനിധി ഗോവിന്ദ് ഡി സി പങ്കെടുത്തു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘ വേഡ്സ് വിത്തൌട്ട് ബോർഡേഴ്സ്’ പോളണ്ടിൽ നിന്നുള്ള ‘പോഗ്രാനീച്ചെ പബ്ലിഷിംഗ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പ്രസാധകർ.
ലോകമെമ്പാടുമുള്ള മികച്ച പുസ്തക പ്രസാധന സംരംഭങ്ങളെ ആദരിക്കാനും പിന്തുണ നൽകാനുമുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഫിസിയാനാഡോ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രശസ്തമായ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിന്റെയും സലോൺ ഇന്റർനാഷണൽ ഡെൽ ലിബ്രോ ടോറിനോയുടെയും സംയുക്ത സഹകരണത്തോടെയാണ് ഈ അവാർഡ് സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള ഈ അംഗീകാരം മലയാള ഭാഷയ്ക്കും പ്രസാധനമേഖലയ്ക്കും ലഭിച്ച വലിയ നേട്ടമാണെന്ന് രവി ഡി സി പറഞ്ഞു.
