Site icon Malayalam News Live

അന്താരാഷ്ട്ര പ്രസാധന പുരസ്കാരമായ ‘അഫിസിയാനാഡോ’ ചുരുക്കപ്പട്ടികയിൽ ഡി സി ബുക്സ്

കോട്ടയം: അന്താരാഷ്ട്രതലത്തിൽ പുസ്തകപ്രസാധനത്തിന് നൽകിവരുന്ന 2026 ലെ ‘അഫിസിയാനാഡോ പുരസ്കാര’ത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഡി സി ബുക്സ് ഇടം നേടി. പ്രസാധന രംഗത്തെ സംഭാവനകളും സാംസ്കാരികവിനിമയത്തിനായി നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളും പരിഗണിച്ചാണ് ഡി സി ബുക്സിനെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്.

 

ഇറ്റലിയിൽ നടന്ന ‘സലോൺ ഇന്റർനാഷണൽ ഡെൽ ലിബ്രോ ടോറിനോ’ പുസ്തകമേളയിൽ മേയ് 13-നാണ് ഫൈനലിസ്റ്റുകളുടെ പ്രഖ്യാപനം നടന്നത്. ചടങ്ങിൽ ഡി സി ബുക്സ് പ്രതിനിധി ഗോവിന്ദ് ഡി സി പങ്കെടുത്തു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘ വേഡ്സ് വിത്തൌട്ട് ബോർഡേഴ്സ്’ പോളണ്ടിൽ നിന്നുള്ള ‘പോഗ്രാനീച്ചെ പബ്ലിഷിംഗ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പ്രസാധകർ.

 

​ലോകമെമ്പാടുമുള്ള മികച്ച പുസ്തക പ്രസാധന സംരംഭങ്ങളെ ആദരിക്കാനും പിന്തുണ നൽകാനുമുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഫിസിയാനാഡോ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

 

പ്രശസ്തമായ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിന്റെയും സലോൺ ഇന്റർനാഷണൽ ഡെൽ ലിബ്രോ ടോറിനോയുടെയും സംയുക്ത സഹകരണത്തോടെയാണ് ഈ അവാർഡ് സംഘടിപ്പിക്കുന്നത്.

​അന്താരാഷ്ട്ര തലത്തിലുള്ള ഈ അംഗീകാരം മലയാള ഭാഷയ്ക്കും പ്രസാധനമേഖലയ്ക്കും ലഭിച്ച വലിയ നേട്ടമാണെന്ന് രവി ഡി സി പറഞ്ഞു.

Exit mobile version