പീഡന പരാതി; പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്ത് പൊലീസ്

പാലക്കാട്‌: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്തു.പീഡനം , SC – ST പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരിക്കുകയാണ് പ്രശോഭ്.

 

ആരോപണം നേരിടുന്ന ഇയാളെ കോണ്‍ഗ്രസ് പ്രാഥമികത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പാലക്കാട്‌ ടൗണ്‍ സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

പാലക്കാട്‌ നഗരസഭ 24 -ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗണ്‍സിലർ ആണ് പ്രശോഭ് സി. വത്സൻ. കഴിഞ്ഞ ദിവസമാണ് ദലിത് യുവതി പീഡന പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് .

പരാതി മാധ്യമങ്ങളില്‍ വന്നതിനെ തുടർന്ന് പ്രശോഭിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ അറിയിച്ചു. ചൂഷണം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നും പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പാലക്കാട്‌ നിയോജക മണ്ഡലം യുഡിഫ്സ്ഥാനാർഥി രമേശ്‌ പിഷാരടി പറഞ്ഞു.