ഇടഞ്ഞ് കെ സുധാകരൻ; ഞാന്‍ എന്റെ വഴിക്ക് നടക്കാം, കോണ്‍ഗ്രസിനോട് ഗുഡ്‌ബൈ പറഞ്ഞ് സുധാകരന്‍

എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കെ സുധാകരന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അദ്ദേഹം ഫോണില്‍ വിളിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം’, എന്നാണ് കെ സുധാകരന്‍ അറിയിച്ചത്. കണ്ണൂരില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം.

നിലവിലെ കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയോട് മത്സരത്തിൽ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കൾ തേടിയിട്ടുണ്ട്. സി രഘുനാഥുമായി ബിജെപി സംസ്ഥാന-ദേശീയ നേതാക്കൾ സംസാരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.