ഭാര്യയുമായുള്ള അവിഹിതബന്ധം; കാമുകനെ വീട്ടിൽ വിളിച്ച് വരുത്തി തലക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളായി പലയിടത്ത് തള്ളി; കോട്ടയം മുട്ടമ്പലം സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി

കോട്ടയം: ഭാര്യയുടെ കാമുകനായ സഹ തടവുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി തള്ളി ഭർത്താവ്. കേസില്‍ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. കൊലയ്ക്ക് പിന്നില്‍ ഭാര്യയുമായുള്ള ബന്ധം. കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്ബില്‍ സന്തോഷ് ഫീലിപ്പോസിനെ (34) കൊലപ്പെടുത്തിയെന്നാണ് കേസ്.

2017 ഓഗസ്റ്റ് 23-നായിരുന്നു സംഭവം. തലയില്ലാതെ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് കൊല്ലപ്പെട്ടയാളെയും പ്രതിയെയും കണ്ടെത്തിയത്. കൊല്ലപ്പെട്ട സന്തോഷിന്റെ സുഹൃത്തായ കോട്ടയം മുട്ടമ്ബലം വെട്ടിമറ്റം എ.ആർ. വിനോദ്കുമാർ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു.

കൊലയ്ക്ക് പിന്നില്‍ ഭാര്യയുമായുള്ള ബന്ധം

പ്രോസിക്യൂഷൻ ഉയർത്തിയ വാദം ഇങ്ങനെ-അച്ഛനെ കൊന്ന കേസില്‍ വിനോദ്കുമാർ ജയിലില്‍ ചെല്ലുമ്ബോള്‍ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടർന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാൻ തീരുമാനിച്ചു.

ഇതിനായി നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭർത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. രാത്രിയെത്തിയ സന്തോഷ് സിറ്റൗട്ടിലെ കസേരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി വിനോദ് ഇരുമ്ബുവടിക്ക് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിനാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

വീട്ടുമുറ്റത്ത് മണ്ണില്‍ തെറിച്ചുവീണ രക്തക്കറയാണ് അന്വേഷണസംഘത്തിന് ലഭിച്ച നിർണായക തെളിവുകളിലൊന്ന്. ശാസ്ത്രീയ പരിശോധനയില്‍, ഇത് കൊല്ലപ്പെട്ട സന്തോഷിന്റേതെന്ന് കണ്ടെത്തിയിരുന്നു. അവസാനമായി കഞ്ഞുമോളുടെ കോളാണ് സന്തോഷിന്റെ ഫോണിലേക്കെത്തിയത്.

തലയ്ക്കടിച്ച കമ്ബിവടി, മൃതദേഹം മുറിച്ച കത്തി, സന്തോഷിനെ വിളിച്ചുവരുത്തിയ ഫോണിന്റെ സിംകാർഡ് തുടങ്ങിയവയും പ്രോസിക്യൂഷൻ ഹാജരാക്കി.

കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടറായിരുന്ന സാജു വർഗീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിറില്‍ തോമസ് പാറപ്പുറം കോടതിയില്‍ ഹാജരായി.