കേരളത്തിൽ വീണ്ടും രണ്ട് ദിവസം അടുപ്പിച്ച്‌ ഡ്രൈ ഡേ; നാളെയും മറ്റന്നാളും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ല

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച്‌ ഡ്രൈ ഡേ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ദിനമായതിനാലുമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ഉള്ളത്. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ല.

കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച്‌ രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച്‌ രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.

അതേസമയം ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കും നേരത്തെ പുറത്തുവന്നിരുന്നു. ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഓണത്തോടനുബന്ധിച്ച പത്ത് ദിവസത്തെ കണക്ക് ഇക്കുറി സര്‍വകാല റെക്കോര്‍ഡാണ് കുറിച്ചത്. ഓഗസ്റ്റ് 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്.

സര്‍ക്കാരിന് 675 കോടിയാണ് ഇതിലൂടെ നികുതിയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഓണ വില്‍പ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. 6 ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്ക്കോ ഔട്ട് ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വില്‍പ്പന 121 കോടിയാണ്.

ആഗസ്റ്റ് മാസത്തില്‍ 1799 കോടിയുടെ മദ്യം വിറ്റിരുന്നു. 2022 ആഗസ്റ്റില്‍ 1522 കോടി മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതല്‍ വിറ്റത് ജവാന്‍ റമ്മാണ്. 7000O കെയ്സ് ജവാന്‍ റം ആണ് സംസ്ഥാനത്താകമാനമായി ഓണം സീസണില്‍ വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ വില്‍പന തിരൂര്‍ ഔട്ട് ലെറ്റിലായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ് എത്തിയത്.