വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ.
ഇറാനില്‍ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണം ഒമ്ബതാം ദിവസവും തുടരുന്നതിനിടെയാണ് പോപ്പ് വീണ്ടും ആക്രമണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഘർഷം വിദ്വേഷവും ഭയവും വർധിപ്പിക്കുമെന്നും ആക്രമണം മറ്റ് മേഖലകളിലേക്ക് വ്യാപിക്കുമോ എന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പോപ്പ് പറഞ്ഞു.
നിലവിലെ സംഘർഷ സാഹചര്യം വിദ്വേഷവും ഭയവും ഉയർത്തുന്നതാണ്. ലെബനൻ ഉള്‍പ്പടെയുള്ള മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് സംഘർഷം വ്യാപിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കും അസ്ഥിരതകളിലേക്കും വഴിവെച്ചേക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രാർത്ഥനയില്‍ ലിയോ പതിനാലാമൻ പറഞ്ഞു. ആയുധങ്ങള്‍ നിശബ്ദമാകാനും ബോംബുകളുടെ ഗർജ്ജനം നിലയ്ക്കാനും ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന സംവാദത്തിന്റെ വാതിലുകള്‍ തുറക്കാനുമായി പ്രാർത്ഥിക്കാമെന്നും പോപ്പ് ആഹ്വാനം ചെയ്തു.
ഇറാനിലെ ആക്രമണങ്ങളില്‍ മുമ്ബും ലിയോ പതിനാലാമൻ പ്രതികരിച്ചിരുന്നു. പശ്ചിമേഷ്യയില്‍ വർധിച്ചുവരുന്ന ആക്രമണങ്ങള്‍ ഉടൻ അവസാനിപ്പിക്കണമെന്നും ആയുധങ്ങളിലൂടെയോ ഭീഷണികളിലൂടെയോ അല്ല, മറിച്ച് ഉത്തരവാദിത്തമുള്ള സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത സമാധാനം കെട്ടിപ്പെടുക്കാൻ കഴിയൂ എന്ന് പോപ്പ് പറഞ്ഞിരുന്നു. നിലവിലെ ശത്രുത തുടരുന്നത് മേഖലയെ തിരിച്ചു പിടിക്കാനാകാത്ത വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പും ലിയോ പതിനാലാമൻ നല്‍കിയിരുന്നു.
