വാട്സാപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു; പണം നല്‍കി ഉപയോഗിക്കാവുന്ന പ്രീമിയം സബ്സ്ക്രിപ്ഷൻ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ

വാട്സാപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു. ഇതുവരെ എല്ലാവർക്കും സൗജന്യമായിരുന്ന ഈ മെസ്സേജിങ് ആപ്പില്‍, പണം നല്‍കി ഉപയോഗിക്കാവുന്ന ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ പതിപ്പ് മെറ്റ അവതരിപ്പിക്കാൻ പോകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘വാട്സാപ്പ് പ്ലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. സാധാരണ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിക്കൊണ്ട് അവരില്‍ നിന്ന് വരുമാനം കണ്ടെത്താനാണ് മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഫ്രീ വാട്സാപ്പ് തുടർന്നും ലഭിക്കുമെങ്കിലും, പ്രീമിയം ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവർക്ക് ഈ പെയ്ഡ് വേർഷൻ തിരഞ്ഞെടുക്കാം.

 

വാട്സാപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് ആപ്പിന്റെ രൂപഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താൻ സാധിക്കും. നിലവില്‍ നമുക്ക് മാറ്റാൻ കഴിയാത്ത വാട്സാപ്പ് ഐക്കണുകള്‍ക്ക് പകരം 14 പുതിയ ഡിസൈനിലുള്ള ഐക്കണുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ ആപ്പിലെ നിറങ്ങള്‍ (Accent Colours), തീമുകള്‍ എന്നിവ മാറ്റാനും ഇതിലൂടെ സാധിക്കും.

 

ചാറ്റുകള്‍ പിൻ (Pin) ചെയ്യുന്ന കാര്യത്തിലും വലിയ മാറ്റമാണ് വരുന്നത്. നിലവില്‍ 3 ചാറ്റുകള്‍ മാത്രം പിൻ ചെയ്യാൻ കഴിയുന്ന സ്ഥാനത്ത്, വാട്സാപ്പ് പ്ലസ് ഉപഭോക്താക്കള്‍ക്ക് പ്രധാനപ്പെട്ട 20 ചാറ്റുകള്‍ വരെ മുൻനിരയില്‍ തന്നെ വെക്കാം. തിരക്കുള്ളവർക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വാട്സാപ്പ് ഉപയോഗിക്കുന്നവർക്കും ഇത് വലിയ ആശ്വാസമാകും.