പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലും ആലിൻ ഇനി ജീവിക്കും; കുറിപ്പുമായി പ്രിയതാരം മോഹൻലാൽ

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിന് കുറിപ്പുമായി മോഹൻലാൽ. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് മോഹൻലാൽ പറയുന്നു. കോടിക്കണക്കിന് ആളുകളുടെ മനസിൽ ഇനിയും ആലിൻ ജീവിക്കുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

‘ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും,’ എന്നാണ് മോഹൻലാൽ കുറിപ്പിൽ പറയുന്നത്.

അതേസമയം ആലിൻ ഷെറിന്‍റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയയിൽ ആലിന്‍റെ കരള്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരമില്ല. എസ്‌ഐടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകൾ നൽകിയത്. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂർത്തിയായത്.