മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷവും കേരളത്തിൽ വീട്ടുപ്രസവങ്ങളുടെ എണ്ണം ഉയർന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 428 വീട്ടുപ്രസവങ്ങള്‍ നടന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവുമധികം വീട്ടുപ്രസവങ്ങള്‍ നടന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും. 2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 328 പ്രസവങ്ങളാണ് വീടുകളില്‍ നടന്നതെങ്കില്‍ 2025 ഡിസംബര്‍ ആയപ്പോഴേക്കും അത് 428 ആയി ഉയരുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 21 വീട്ടുപ്രസവങ്ങളാണ് നടന്നത്. കൊല്ലത്ത് 20, പത്തനംതിട്ട 6, ആലപ്പുഴ 9, കോട്ടയം 10, ഇടുക്കി 37, എറണാകുളം 24, തൃശൂര്‍ 15, പാലക്കാട് 16, മലപ്പുറം 191, കോഴിക്കോട് 24, വയനാട് 24, കണ്ണൂര്‍ 16, കാസര്‍കോട് 15 എന്നിങ്ങനെയാണ് വീട്ടുപ്രസവങ്ങളുടെ കണക്ക്.
അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുളള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇത് അവഗണിച്ചാണ് സംസ്ഥാനത്ത് വീട്ടുപ്രസവങ്ങള്‍ നടക്കുന്നത്. ആരോഗ്യവകുപ്പ് വീട്ടിലെ പ്രസവങ്ങള്‍ക്കെതിരായി ശക്തമായ ക്യാംപെയ്ന്‍ നടത്തുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വീട്ടിലെ പ്രസവങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അശാസ്ത്രീയവും അവാസ്തവവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്.
