പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപത്തുനിന്ന് രാജവെമ്പാലയെ പിടകൂടി.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വനം വകുപ്പിലെ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഭസ്മക്കുളത്തിന് സമീപം പാമ്പിനെ കണ്ടതിനെ തുടർന്ന് ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ വീണ്ടും കണ്ടത്.
പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉള്‍വനത്തില്‍ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുണ്‍ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്.
മകരവിളക്കിന് മുന്നോടിയായി വനംവകുപ്പ് ഫുള്‍ പട്രോളിംഗ് ഏ൪പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. പാമ്പ് പിടിത്തത്തില്‍ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിക്കുന്നത്.
