മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു അദ്ദേഹത്തിന്. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ അപ്പച്ചന് ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു. തുടർന്നാണ് തലയിലെ ആന്തരിക രക്തസ്രാവം മൂലം മരണം സംഭവിച്ചത്.
ആയിരത്തിൽ അധികം സിനിമകളിൽ അഭിനയിച്ച പുന്നപ്ര അപ്പച്ചൻ ആദ്യമായി അഭിനയിക്കുന്നത് 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലാണ്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം ആ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ വേഷങ്ങളിലുമായി തന്റെ കരിയര്‍ പുന്നപ്ര അപ്പച്ചന് തുടര്‍ന്നു. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം – എന്ന സിനിമയിൽ തുടങ്ങി പിന്നീട് അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന് അഭിനയിക്കാൻ കഴിഞ്ഞു.
