ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തില്‍ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണം; കേരള മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത്

ബെംഗളൂരു: ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തില്‍ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷൻ.

മണ്ഡല-മകരവിളക്ക് കാലയളവില്‍ പ്രത്യേക ടാക്സ് ഇളവ് നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു.

ദസറ കാലത്ത് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് മൈസൂരുവില്‍ ഇളവ് നല്‍കിയതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് കർണാടക ഗതാഗത മന്ത്രിയോടും സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ദസറകാലത്ത് മൈസൂരുവിലേക്ക് വരുന്ന കേരളത്തില്‍ നിന്നും വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ടാക്സ് ഇളവ് നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.