വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ സുരേഷ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യിൽ സുരേഷ് പങ്കെടുക്കും. പുതുയുഗയാത്ര യാത്ര നാളെ പാലക്കാട് എത്തുമ്പോഴാണ് അദ്ദേഹം പങ്കെടുക്കുക. കെപിസിസി നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.

അതേസമയം പുറത്തുവരുന്ന വാർത്തകളെല്ലാം വസ്തുതാപരമെന്ന് എ സുരേഷ് സ്ഥിരീകരിച്ചു. യാത്രയിൽ പങ്കെടുക്കാൻ യുഡിഎഫിന്റെ ഉന്നത നേതാക്കൾ തന്നെ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 2013ൽ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഐഎം പുറത്താക്കിയത്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാൽ ഇക്കാലയളവിലും താൻ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു.