കോട്ടയം : പാമ്പാടിയിൽ കളഞ്ഞുകിട്ടിയ പേഴ്സ് തിരികെ നൽകി മാതൃകയായി അന്യസംസ്ഥാന തൊഴിലാളി.
പശ്ചിമബംഗാൾ സ്വദേശിയായ അജിത് ഒറാവുവിനാണ് പൊൻകുന്നം -പാമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ വച്ച് പണം അടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയത്.
ഇത് ഇദ്ദേഹം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു. അരിപ്പറമ്പ് സ്വദേശി കെ എൻ സോമന്റെ പേഴ്സ് ആണ് കളഞ്ഞുപോയത്, പേഴ്സ് നഷ്ടപ്പെട്ട ഉടൻ സോമൻ പാമ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പേഴ്സ് കിട്ടിയ ഉടൻ അജിത് ഒറാവു പേഴ്സിൽ ഉണ്ടായിരുന്ന നമ്പറിൽ സോമനെ ബന്ധപ്പെട്ടെങ്കിലും, ഹിന്ദി വശമില്ലാത്തതിനാൽ എന്താണെന്ന് പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെ പോവുകയായിരുന്നു, തുടർന്ന് സോമൻ
പാമ്പാടി എസ് ഐ ഉദയകുമാർ പി ബിയെ വിവരം അറിയിക്കുകയും അദ്ദേഹം അജിത്തുമായി സംസാരിച്ച് സോമന് പേഴ്സ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
തുടർന്ന് ഇന്ന് അജിത്ത് തന്റെ കോൺട്രാക്ടറുമായെത്തി സ്റ്റേഷനിൽ എത്തി പേഴ്സ് ഉടമയ്ക്ക് കൈമാറുകയായിരുന്നു.
