വയനാട് ദുരന്തം: മരണം 107 ആയി; 100ലേറെ ആളുകള്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി കനത്ത മൂടല്‍മഞ്ഞ്

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുള്‍പൊട്ടലില്‍ മരണം 107 ആയി.

100ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. എൻഡിആർഎഫിന്റെയും സെെന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കെെയിലെത്തി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു.

ചൂരല്‍മലയില്‍ മന്ത്രിമാരും രക്ഷാപ്രവർത്തകരും തമ്മില്‍ ചർച്ച നടത്തി. മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ഐ സി ബാലകൃഷ്ണൻ, ടി സിദ്ദിഖ് എന്നിവരാണ് ചർച്ചയില്‍ പങ്കെടുത്തത്.

രക്ഷാപ്രവർത്തനം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് സംബന്ധിച്ചായിരുന്നു ചർച്ച. മുണ്ടക്കെെയില്‍ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതർ പറയുന്നു.
ഈ മൃതദേഹങ്ങള്‍ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരില്‍ 35 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിലുള്ള അഞ്ച് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങള്‍ വീതമുണ്ട്. നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ 30 മൃതദേഹങ്ങളുണ്ട്.