തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ കഴിഞ്ഞവർഷം ആരംഭിച്ച നാലു വർഷ ബിരുദ കോഴ്സ് മികവ് പുലർത്തുന്ന വിദ്യാർഥികള്‍ക്ക് വേഗത്തില്‍ പൂർത്തിയാക്കാൻ മാർഗരേഖ പുറത്തിറങ്ങി.
എട്ട് സെമസ്റ്റർ ദൈർഘ്യമുള്ള കോഴ്സ് ഏഴ് സെമസ്റ്റർ കാലയളവില്‍ പൂർത്തിയാക്കാവുന്ന രീതിയിലാണ് മാർഗരേഖ. ആറ് സെമസ്റ്റർ അടങ്ങിയ മൂന്നു വർഷ ബിരുദ കോഴ്സ് ഇതേ മാതൃകയില്‍ അഞ്ച് സെമസ്റ്റർ കാലയളവിലും പൂർത്തിയാക്കാം.
ത്വരിതഗതിയിലുള്ള ബിരുദപഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർ രണ്ടാം സെമസ്റ്ററിന്റെ അവസാനത്തില്‍ ഇതിനായി അപേക്ഷിക്കണം. വിദ്യാർഥി ഓരോ സെമസ്റ്ററിലും 85 ശതമാനത്തില്‍ കൂടുതല്‍ ഗ്രേഡ് പോയന്റ് ആവറേജില്‍ മാർക്ക് നേടിയിരിക്കണം.
വിദ്യാർഥി നാലു വർഷ ബിരുദ കോഴ്സിന്റെ മാനദണ്ഡപ്രകാരമുള്ള 42 ക്രെഡിറ്റുകള്‍ ആദ്യ രണ്ട് സെമസ്റ്ററിലുമായി ആർജിച്ചിരിക്കണം. അധിക പഠനഭാരം വഹിക്കാനുള്ള ശേഷിയും വിദ്യാർഥി തെളിയിച്ചിരിക്കണം.
നേരത്തെ പൂർത്തിയാക്കുന്ന ബിരുദ കോഴ്സ് എന്ന നിലയില്‍ ഇവ ആക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം (എ.ഡി.പി) എന്ന പേരിലായിരിക്കും അറിയപ്പെടുക. കോഴ്സ് നിശ്ചയിച്ചതിലും ഒരു സെമസ്റ്റർ നേരത്തെ പൂർത്തിയാക്കുന്നതിനാല്‍ ‘എൻ-1 സെമസ്റ്റർ’ എന്ന പേരിലും ഈ രീതി അറിയപ്പെടും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവും സർവകലാശാല പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് മാർഗരേഖ അംഗീകരിച്ചത്.
