കോട്ടയം: വിഷുവിന് സദ്യയും പടക്കവുമായിട്ട് ആകർഷണങ്ങളൊരുപാടുണ്ടെങ്കിലും കുട്ടികള്‍ക്ക് പ്രധാനം മറ്റൊന്നാണ്. വിഷുക്കൈനീട്ടം.
കിട്ടുന്ന കൈനീട്ടമൊക്കെ കൂട്ടിവച്ച് പരസ്പരം മേനിപറയല്‍ പതിവാണ്. വിഷുവിന് നല്‍കുന്ന പണം എന്നതിനപ്പുറം വിഷുക്കൈനീട്ടത്തിന് ചില പ്രത്യേകതകളുണ്ട്.
വിഷുക്കൈനീട്ടം എന്നാല്‍?
രാവിലെ കണി കണ്ടതിന് ശേഷം കാരണവന്മാർ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്ന പണമാണ് വിഷുക്കൈനീട്ടം. വിഷുക്കൈനീട്ടം ആ വർഷത്തെ സമൃദ്ധിയുടെ സൂചകമാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന പഴയകാലത്ത് കുടുംബത്തിലെ സ്വത്തിൻ്റെ ചെറിയ പങ്ക് എല്ലാവർക്കുമായി വീതിച്ചുനല്‍കുന്നതാണ് വിഷുക്കൈനീട്ടമെന്നും ചിലർ വാദിക്കുന്നു.
ആര്, ആർക്ക് നല്‍കുന്നു?
വീട്ടിലെ മുതിർന്ന പുരുഷ അംഗങ്ങളാണ് സാധാരണയായി വിഷുക്കൈനീട്ടം നല്‍കുക. അച്ഛനോ മുത്തശ്ശനോ അമ്മാവനോ കൈനീട്ടം കൊടുക്കാറുണ്ട്. സാധാരണയായി കുടുംബത്തിലെ പ്രായമായവർ പ്രായം കുറഞ്ഞവർക്കാണ് വിഷുക്കൈനീട്ടം നല്‍കാറുള്ളത്. ചില സ്ഥലങ്ങളില്‍ ഇത് തിരിച്ചും നടക്കാറുണ്ട്.
പണം മാത്രം നല്‍കിയാല്‍ മതിയോ?
വെറുതെ പണം മാത്രമല്ല നല്‍കേണ്ടത്. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ഉള്‍പ്പെടെ വേണം കൈനീട്ടം നല്‍കാൻ. മുൻപ് നാണയമായിരുന്നു കൈനീട്ടമായി നല്‍കാറുണ്ടായിരുന്നത്. ഇപ്പോള്‍ നാണയത്തിന് പകരം നോട്ടുകള്‍ നല്‍കാറുണ്ട്. ധനത്തിൻ്റെ ദേവതയായ മഹാലക്ഷ്മിയുടെ സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും വർഷം മുഴുവൻ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാവണം കൈനീട്ടം നല്‍കേണ്ടതും സ്വീകരിക്കേണ്ടതും.
