കൊച്ചി: സിനിമാ പ്രേമികള്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘കങ്കുവ’.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായതിനാല്‍ തന്നെ ആരാധകരും ഏറെ ആകാംക്ഷയിലാണ്.
ഇപ്പോഴിതാ ദീപാവലി ദിനമായ ഇന്ന് ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പന്തവുമേന്തി വാദ്യമേളം മുഴക്കുന്ന തന്റെ പോരാളികള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സൂര്യയെയാണ് പോസ്റ്ററില്‍ കാണാൻ കഴിയുന്നത്. ദീപാവലി ആശംസകള്‍ക്കൊപ്പമാണ് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പീരിയഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം പത്തു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
സിരുത്തൈ ശിവയാണ് ‘കങ്കുവ’ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ദിഷ പഠാനി ആണ് നായിക. യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ. ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് നിര്‍മ്മാണം.
ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു. ചിത്രം 2024 ഓടെ തീയേറ്ററുകളിലെത്തും. ബോളിവുഡ് നടൻ ബോബി ഡിയോളിന്റെ തമിഴ് പ്രവേശം കൂടിയാണ് ‘കങ്കുവ’. കലാസംവിധാനം – മിലൻ, സംഭാഷണം മദൻ കാര്‍ക്കി, രചന – ആദി നാരായണ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, ആക്ഷൻ സുപ്രീം സുന്ദര്‍.
