വെഞ്ഞാറമൂട് കൂട്ടകൊല: ആശുപത്രിയില്‍ കഴിയുന്ന അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം അഫാൻ്റെ ഇടപാടുകളെ ചുറ്റിപ്പറ്റി; ഉമ്മയുടെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്.

ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും.

അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അഫാന്‍റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ്
പൊലീസ് ശ്രമം.

കൂട്ടക്കൊലയക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങള്‍ ബാക്കിയാണ്.

ഗള്‍ഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമായാണ് ബന്ധുക്കളെ കൊന്നതെന്നായിരുന്നു അഫാൻ നേരത്തെ നല്‍കിയ മൊഴി. ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാൻ്റെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ്.

കോളേജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.