കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതം അതിദുഷ്കരം; മുളക്കുളം-വെള്ളൂര്‍-ചന്തപ്പാലം റോഡിന്‍റെ ശോചനീയാവസ്ഥ; ജനകീയപ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു

വെള്ളൂർ: കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതം ദുഷ്കരമായ മുളക്കുളം വെള്ളൂർ ചന്തപ്പാലം റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനകളും പ്രദേശവാസികളും ചേർന്ന് ജനകീയ പ്രക്ഷോഭത്തിെനൊരുങ്ങുന്നു.

തകർന്ന് കാല്‍നടപോലും ദുഷ്കരമായ റോഡില്‍ വാഹനഗതാഗതം ദുഃസഹമായി. വ്യാപാര മേഖലയില്‍ പ്രതിസന്ധി കടുത്തതോടെ വെള്ളൂരിലേയും മിഠായിക്കുന്നത്തേയും വ്യാപാരികള്‍ ഏതാനും മാസങ്ങള്‍ക്ക് മുൻപ് കടകള്‍ അടച്ച്‌ പ്രതിഷേധപ്രകടനവും ധർണയും നടത്തിയിരുന്നു.

വിവിധ രാഷ്ട്രീയ പാർട്ടികളും ഇതിനകം നിരവധി തവണ സമരം നടത്തി.
നിർമാണം തുടങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും യാത്രാ ദുരിതം തുടരുന്ന സാഹചര്യത്തില്‍ സർക്കാർ കരാർ റദ്ദാക്കി പുതിയ കരാറുകാരന് പണി ഏല്‍പ്പിച്ചു ദ്രുതഗതിയില്‍ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ജനങ്ങള്‍ ഉയർത്തിയിരുന്നു.