ബസില്‍ കുഞ്ഞിന് പാല് കൊടുത്ത യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

ഇടുക്കി: ബസില്‍ വച്ച്‌ യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെൻഷൻ.

ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

സംഭവത്തില്‍ പ്രതിയെ നേരത്തെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വെെകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്നാണ് അജാസിനെതിരെയുളള പരാതി. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്.

ഒമ്ബത് മാസം പ്രായമായ കുഞ്ഞും യുവതിക്കൊപ്പം ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്തായിരുന്നു അതിക്രമം. സംഭവത്തിന് പിന്നാലെ പൊൻകുന്നത്തുവെച്ച്‌ യുവതി ബസില്‍ നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു. യുവതിയെ പിൻതുടര്‍ന്നെത്തിയ ഇയാളും അതേ ബസില്‍ കയറുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. പ്രതിയും കാഞ്ഞിരപ്പളളിയില്‍ ഇറങ്ങുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ അജാസിനെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.