ഉഷ്ണതരംഗവും തുടര്‍ന്നുള്ള അതിവര്‍ഷവും; ഉത്പാദനം കുറഞ്ഞു; ഏലയ്ക്കാ വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കട്ടപ്പന: ഏലം വില നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിലയില്‍.

വ്യാഴാഴ്ച ആര്‍.എന്‍.എസ്. സ്പൈസസ് നടത്തിയ ഇ-ലേലത്തിലാണ് ഉയര്‍ന്ന വിലയായി 4511 രൂപ ലഭിച്ചത്.
312 ലോട്ടുകളിലായി 79647.7 കിലോ ഏലക്കായ വിറ്റ ലേലത്തില്‍ ശരാശരി വില 3114 രൂപയും ലഭിച്ചു.

മുന്‍വര്‍ഷം ഉണ്ടായ ഉഷ്ണതരംഗവും തുടര്‍ന്നുള്ള അതിവര്‍ഷവുംമൂലം ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.
2020-നുശേഷം ആദ്യമായാണ് ഇ-ലേലത്തില്‍ റെക്കോഡ് തുക ലഭിക്കുന്നത്.

ഉഷ്ണതരംഗത്തില്‍ ഏലച്ചെടികള്‍ ഉണങ്ങിയിരുന്നു. അതിവര്‍ഷത്തില്‍ ചെടികള്‍ അഴുകുകയുംചെയ്തു. 2024 ജൂണില്‍ ഉത്പാദനം ഇടിഞ്ഞെങ്കിലും ഇരിപ്പുകായ (സംഭരിച്ചുവെച്ച ഏലക്കായ) വലിയ അളവില്‍ കമ്പോളത്തില്‍ എത്തിയതിനാല്‍ വില ഉയര്‍ന്നില്ല.

എന്നാല്‍ ഇപ്പോള്‍ സംഭരിച്ച എലക്കായ ഇല്ലാത്തതിനാല്‍, കമ്ബോളത്തില്‍ നടപ്പുകായ (വിളവെടുത്ത ഉടനെയുള്ളത്) മാത്രമേ എത്തുന്നുള്ളൂ. നടപ്പുകായ ആവശ്യത്തിന് ലഭിക്കുന്നുമില്ല.