55 കിലോ ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കാനാകില്ല; അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച്‌ ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ല; നവീനെ കൊന്ന ശേഷം കെട്ടിത്തൂക്കിയത് എന്ന് സംശയിക്കുന്നു: ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് സംശയിക്കുന്നതായി ഹര്‍ജിക്കാരിയായ മഞ്ജുഷ ഹൈക്കോടതിയില്‍.

നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ല. നവീനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.

’55 കിലോഗ്രാം ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോര്‍ട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”.

അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച്‌ ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു.

കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇതു പരിശോധിച്ചാല്‍ തന്നെ നവീന്‍ ബാബു കളക്ടറെ ഈ യോഗത്തിനുശേഷം കളക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു.