റാഫ അതിര്‍ത്തി തുറന്നു; മാനുഷിക സഹായവുമായി ഈജിപ്‌തില്‍ നിന്ന് 20 ട്രക്കുകള്‍; ഒന്നിനും തികയില്ലെന്ന് ലോകാരോഗ്യ സംഘടന

ഗാസ: ഈജിപ്‌തിനും ഗാസയ്ക്കും ഇടയിലുള്ള ഏക ക്രോസിംഗ് പോയിന്റായ റാഫ അതിര്‍ത്തി തുറന്നു.

യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ മരുന്നുകള്‍ ഉള്‍പ്പെടെ മാനുഷികസഹായമെത്തിക്കാൻ ഈജിപ്‌തില്‍ നിന്ന് 20 ട്രക്കുകളാണ് എത്തുന്നത്.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ റാഫ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജറുസലേമിലുള്ള യു എസ് എംബസി അറിയിച്ചു.

യുഎൻ, ഈജിപ്‌ത്, യു എസ് എന്നിവരുള്‍പ്പെടെ ഇസ്രായേലിലുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗാസയില്‍ സഹായമെത്തിക്കാൻ ഭരണകൂ‌ടം അനുമതി നല്‍കിയത്. കരാര്‍ പ്രകാരം ഈജിപ്‌തിലെ റെഡ് ക്രസന്റില്‍ നിന്ന് പാലസ്‌തീൻ റെഡ് ക്രസന്റ് സംഘടനയിലേക്കാണ് സാധനങ്ങള്‍ എത്തിക്കുന്നത്.