ഗാസ: ഹമാസിന്റെ റോക്കറ്റാക്രമണത്തിന് ശക്തമായ കനത്ത തിരിച്ചടിയുമായി ഇസ്രായേല്‍.
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ ഇരുന്നൂറിലധികം പാലസ്തീൻകാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1600ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു.
ഇന്നു രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 40 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. 545 പേര്‍ക്ക് പരിക്കേറ്റു. തെക്കൻ ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്കും ഗാസയിലെ സൈനിക താവളത്തിലേക്കും ആയുധധാരികള്‍ ഇരച്ചുകയറുകയായിരുന്നു.
20 മിനിട്ടിനിടെ ഇസ്രായേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. സമീപകാലത്ത് ഇസ്രായേലിനെതിരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രായേലിലെ ഓഫാകിം നഗരത്തില്‍ ഇസ്രായേലികളെ പാലസ്തീൻകാര്‍ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇവരില്‍ പലരെയും ഹമാസ് ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
