ഡല്‍ഹി: മണ്ഡലകാലം കണക്കിലെടുത്ത് നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ ബസ് സർവീസ് നടത്താൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.
കേസില്‍ വാദംകേള്‍ക്കല്‍ പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന് അറിയിച്ചാണ് കോടതി വിഎച്ച്പിയുടെ ആവശ്യം തള്ളിയത്. കേസ് അന്തിമവാദത്തിനായി മാറ്റുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ്.
ശബരിമല തീർത്ഥാടകാരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. നിലയ്ക്കല്‍ – പമ്പ റൂട്ട് ദേശസാല്‍കൃതം ആണെന്നും അവിടെ സർവീസ് നടത്താൻ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്ആർടിസിയുടെ വാദം.
നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസിക്കാണ് അധികാരമെന്നും തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍, ബസുകള്‍ വാടകയ്ക്ക് എടുത്ത് സൗജന്യ സർവീസ് നടത്താൻ അനുവദിക്കണമെന്ന വിഎച്ച്പിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
