ആഗ്രയില്‍ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു

ഡല്‍ഹി : ആഗ്രയില്‍ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം തകർന്നുവീണു.

പൈലറ്റ് രക്ഷപ്പെട്ടു. ആഗ്രയ്ക്കടുത്ത് കരഗോല്‍ എന്ന ഗ്രാമത്തിലെ പാടത്താണ് വിമാനം തകർന്ന് വീണത്.
പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു.

വിമാനം വീഴുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് പുറത്തേക്ക് ചാടിയത്. വിവരമറിഞ്ഞ് നാട്ടാുകാരും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ അദംപൂരില്‍ നിന്ന് ആഗ്രയിലേക്ക് ഫരീശീലന പറക്കല്‍ നടത്തുകയായിരുന്നു വിമാനം. സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ പൊലീസും അന്വേഷണം നടത്തും. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ മിഗ് 29 വിമാനമാണ് തകർന്നുവീണത്. സാങ്കേതിക പ്രശ്നത്തെ തുടർന്ന് സെപ്തംബറില്‍ രാജസ്ഥാനില്‍ മിഗ് 29 വിമാനം തകർന്നിരുന്നു. ബാമർ സെക്ടറില്‍ പരിശീലനത്തിലേർപ്പെട്ടിരുന്ന വിമാനമാണ് അന്ന് തകർന്നുവീണത്.