സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പികെ ശശിക്കെതിരെ നടപടി. പികെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പികെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പികെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പികെ ശശി പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സിപിഐഎമ്മിനോട് എതിര്‍ത്തുനില്‍ക്കുന്നവര്‍ ഒത്തുചേര്‍ന്ന പരിപാടിയില്‍ പി കെ ശശി പങ്കെടുത്തത്.
പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് പികെ ശശി ആഞ്ഞടിച്ചു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്. നിരവധി സഖാക്കളെ വേട്ടയാടി. കള്ളു കച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. കള്ള് വേണമെങ്കിൽ കച്ചവടം ചെയ്തോട്ടെ. കള്ളിൽ സ്പിരിറ്റ് കലക്കി കച്ചവടം ചെയ്യരുത്. ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. രണ്ടു പേരെ ലോഹ്യത്തിൽ കണ്ടാൽ അവരെ തമ്മിൽ തെറ്റിക്കും. എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്നമുണ്ടാക്കും. ഇ എൻ സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റ് പാർട്ടികളിൽ പോയവരുണ്ട്. 5 വർഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി കൊണ്ടുള്ള മറ്റൊരു സെക്രട്ടറിയില്ലെന്നും പികെ ശശി ആരോപിച്ചു.
രണ്ട് മുൻ ഏരിയാ സെക്രട്ടറിമാർ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാണ് സിപിഎം വിമതർ പാലക്കാട്ട് കൺവെൻഷൻ നടത്തിയത്. പികെ ശശിയെ പോലെ ഒരു പ്രമുഖ നേതാവ് എത്തിയതോട കൺവെൻഷൻ ശ്രദ്ധ നേടി. 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടെന്ന് ശശി കൺവെൻഷനിൽ പ്രഖ്യാപിച്ചു. പാലക്കാട് നടക്കുന്നത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും പികെ ശശി പറഞ്ഞു. ആരും പാർട്ടിക്ക് പുറത്തുവന്നതല്ല എന്നും ഈ അവസ്ഥ ജില്ലാ നേതൃത്വം ഉണ്ടാക്കിയതാണെന്നും പറഞ്ഞു. ശശി തുറന്നടിച്ചതോടെ വിമതർ സിപിഎമ്മുമായി പരസ്യ ഏറ്റുമുട്ടലിലേക്കാണെന്ന് വ്യക്തമായിരിക്കുകയാണ്.
