കായംകുളം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം പിടിയിൽ. കൃഷ്ണപുരം മാരൂർത്തറ സ്വദേശി അൻവർ ഷാ (27), സരിത (26), ആലപ്പുഴ സ്വദേശി ശ്യാംജിത്ത് (31) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പിൽ കിഴക്ക് 1657-ാം നമ്പർ എസ്. എൻ. ഡി. പി ശാഖ ഗുരുമന്ദിരത്തിൻറെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്ന് പേർ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്.
അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്തിനെതിരെ ആലപ്പുഴ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകൾ നിലവിലുണ്ട്.
