നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പോലീസ് കേസ്; സമൂഹമാധ്യമത്തിൽ പങ്കുവെച്ചത് ആത്മഹത്യാ കുറിപ്പാണോ എന്ന് സംശയം; മരിച്ച യുവതി തന്നെയാണോ കുറിച്ചത് എന്നതിൽ അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പനയ്‌‌ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യയായ കായംകുളം സ്വദേശിനി ആസിയ(22)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

മുനീറും വീട്ടുകാരും പുറത്തുപോയിരിക്കുകയായിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ് തൂങ്ങിയ നിലയിൽ ആസിയയെ കണ്ടെത്തിയത്. ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂവാറ്റുപുഴയിൽ ദന്തൽ ടെക്‌നീഷ്യനായ ആസിയ ജോലിക്കായി അവിടെയാണ് താമസിച്ചിരുന്നത്.

ആഴ്‌ചയിൽ ഒരിക്കലാണ് ഭർത്താവിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയിരുന്നത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ മുനീറുമായി നാല് മാസം മുൻപാണ് ആസിയ വിവാഹിതയായത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഒരുമാസം മുമ്പ് ആസിയയുടെ പിതാവ് മരണപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ പിതാവുമൊത്തുള്ള ചിത്രങ്ങൾ ആസിയ പങ്കുവച്ചിരുന്നു. ഒപ്പം പങ്കുവച്ച കുറിപ്പ് ആത്മഹത്യാ കുറിപ്പാണോ എന്ന് സംശയമുണ്ട്. പിതാവിന്റെ മരണത്തിൽ അതീവ ദുഃഖിതയാണെന്നും ഒപ്പം പോകുന്നു എന്നുമാണ് കുറിപ്പ്.

എന്നാൽ, ഇത് ആസിയ തന്നെ കുറിച്ചതാണോ എന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവിന്റെ മരണത്തിൽ ആസിയ അതീവ ദുഃഖിതയായിരുന്നു എന്നാണ് ബന്ധുക്കൾ നൽകിയിരുന്ന വിവരം.