കൊച്ചി: നടിയും ബിഗ്ബോസ് മത്സരാർത്ഥിയുമായ ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി.
താരത്തിന്റേതെന്ന് കരുതുന്ന തരത്തിലുളള വീഡിയോ കഴിഞ്ഞ ആഴ്ചയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതോടെ ഓവിയയ്ക്ക് രൂക്ഷ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.
ഇപ്പോഴിതാ താരം ഇമെയിലിലൂടെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരിക്കുകയാണ്. ചെന്നൈയില്‍ താമസിക്കുന്ന ഓവിയയുടെ സ്വകാര്യതയെ ഹനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ തൃശൂർ സിറ്റി സൈബ്രർ ക്രൈം പൊലീസ് മൂന്ന് വീഡിയോകള്‍ നീക്കം ചെയ്തു. വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ ഉടൻ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തിനുപിന്നില്‍ ഓവിയയുടെ മുൻ സുഹൃത്തായ താരിഖ് എന്ന യുവാവാണെന്ന തരത്തിലുളള വിവരങ്ങള്‍ കഴിഞ്ഞ ദിവസം തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പക തീർക്കാനുള്ള ശ്രമമാണെന്നും താരിഖിന്റെ കൈവശം പല സ്ത്രീകളുടെയും മോർഫ് ചെയ്ത ദൃശ്യങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകള്‍ക്ക് ഓവിയ നല്കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ഹായ് പറയുന്ന ചിത്രം പങ്കുവച്ചാണ് താരം മറുപടി നല്‍കിയത്. ചിത്രത്തിന് വന്ന കമന്റുകള്‍ക്ക് ചുട്ടമറുപടിയും ഓവിയ നല്‍കിയിരുന്നു.
