സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിലും തിരിച്ചടി. നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്. വരുന്ന ജനുവരി 21നാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനനായകൻ കേസ് പരിഗണിക്കാൻ വെച്ചിരിക്കുന്നത്.
സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറി നടന്നെന്ന് നിർമ്മാതാവ് വെങ്കട്ട് കെ നാരായണ നേരത്തെ ആരോപിച്ചിരുന്നു. നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്‌സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.
