തെങ്ങിൻമുകളില്‍ തലകീഴായി കുടുങ്ങി യുവാവ് ; രക്ഷകരായി കോട്ടയം അഗ്നി രക്ഷാസേനാംഗങ്ങൾ

കോട്ടയം: തേങ്ങയിടീല്‍ യന്ത്രത്തില്‍നിന്ന് പിടിവിട്ട് തലകീഴായി തൂങ്ങി രണ്ട് കാലുകളും കുടുങ്ങി കിടന്നയാള്‍ക്ക് അദ്ഭുത രക്ഷ.

കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങളാണ് രക്ഷകരായത്. ശനിയാഴ്ച വൈകീട്ട് 5.15-നാണ് സംഭവം. കോട്ടയം ചവിട്ടുവരി സൂര്യകാലടി മനയ്ക്ക് സമീപം ചെറുവള്ളിക്കാവിലുള്ള പ്രദീപിന്റെ പുരയിടത്തില്‍ തേങ്ങയിടാൻ കയറിയ റോബിൻ (56) ആണ് അപകടത്തില്‍പ്പെട്ടത്.

വിവരമറിഞ്ഞ് കോട്ടയം അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി. 75 അടി ഉയരമുള്ള തെങ്ങിലേക്ക് ഏണി ചാരിവച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുവിൻ, റോപുമായി തെങ്ങിൻ മുകളിലേക്ക് കയറി.

കയറും മരക്കഷണവുമുപയോഗിച്ച്‌ തെങ്ങില്‍ പടങ്ങുകള്‍ കെട്ടി. തൊട്ടു പുറകില്‍പുറകിലായി പടവില്‍ ചവിട്ടി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബു മുരളി, അസി. സ്റ്റേഷൻ ഓഫീസർ ടി.എൻ.പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി എന്നിവർ കൂടി തെങ്ങിൻ മുകളിലേക്ക് കയറി റോബിനരികിലെത്തി.

റോപ്പ് ഉപയോഗിച്ച്‌ അദ്ദേഹത്തെ സുരക്ഷിതമായി നിർത്തി.

തെങ്ങില്‍ ഹുക്ക് ഘടിപ്പിച്ച്‌ റോബിന്റെ ശരീരത്തില്‍ ബെല്‍റ്റ് പോലെ കയർ കെട്ടി സുരക്ഷിതമായി കാലുകള്‍ പുറത്തെടുത്തു.

തുടർന്ന് റോബിനെ അതിസാഹസികമായി ഒരുമണിക്കൂറിനകം സേനാംഗങ്ങള്‍ താഴെയിറക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് ശങ്കർ, ഫയർ വുമണ്‍ അനുമോള്‍ എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.