പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചതിന് പിന്നാലെ വേറിട്ട ആഘോഷവുമായി പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പാലക്കാട്ടെ സിപിഎമ്മിന് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ടാണ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ വിജയം ആഘോഷിച്ചത്. പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിലാണ് പ്രവർത്തകർ ട്രോളി ബാഗ് കൊടുത്തു വിട്ടത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ട്രോളി ബാഗ് വിവാദം ഉയര്‍ത്തികൊണ്ടുവന്ന സിപിഎമ്മിന് മറുപടിയായിട്ടാണ് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ട് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ മധുരപ്രതികാരം. സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാഗുമായി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ പ്രവര്‍ത്തകര്‍ ഡ്രൈവര്‍ക്ക് ബാഗ് കൈമാറുകയായിരുന്നു.
പാലക്കാട്ടെ പാതിരാ ഹോട്ടല്‍ റെയ്ഡിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗുമായി പോയെന്ന ആരോപണമാണ് സിപിഎം ഉന്നയിച്ചിരുന്നത്.
എന്നാല്‍, ട്രോളി ബാഗുമായി വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎം ആരോപണത്തെ നേരിട്ടത്.
ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ഉയര്‍ത്തി നീല ട്രോളി ബാഗ് വിവാദം ഉള്‍പ്പെടെ അവര്‍ക്ക് തിരിച്ചടിയായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേത് മിന്നും വിജയമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്.
