ആർപ്പൂക്കര പനമ്പാലം പാലത്തിനു സമീപം മുഖം കഴുകാനായി തോട്ടിലിറങ്ങിയ ഓട്ടോ ഡ്രൈവർ ചെളിനിറഞ്ഞ തോട്ടിലെ വെള്ളത്തില്‍ അകപ്പെട്ടു; ജീവനുവേണ്ടി മല്ലിട്ട ഡ്രൈവറെ സാഹസികമായി തോട്ടിലിറങ്ങി യുവാവ് രക്ഷപ്പെടുത്തി; വെള്ളത്തിലേക്ക് എടുത്തു ചാടിയ യുവാവ് ഓട്ടോ ഡ്രൈവറെ ഉയർത്തി പുറത്തുകയറ്റി സമീപവാസികള്‍ ഇട്ടുകൊടുത്ത മുളങ്കമ്പില്‍ പിടിച്ചു കരയ്ക്കെത്തിച്ചു

ആർപ്പൂക്കര: തോട്ടിലെ ചേറു നിറഞ്ഞ വെള്ളത്തില്‍ അകപ്പെട്ടു മരണത്തോടു മല്ലടിച്ച ഓട്ടോ ഡ്രൈവറെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ആർപ്പൂക്കര പനമ്പാലം പാലത്തിനു സമീപം കോനാകരിത്തോട്ടില്‍ ജീവനുവേണ്ടി മല്ലിട്ട ഓട്ടോ ഡ്രൈവർ ശ്രീജിത്തി(40)നെയാണ് ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റർ അസിസ്റ്റ‌ന്‍റ് ഡയറക്‌ടർ പനമ്പാലം പായിക്കാട്ട് ജസ്റ്റി ജോസഫ് രക്ഷപ്പെടുത്തിയത്.

പനമ്പാലത്തിനു സമീപം തൊണ്ണംകുഴി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ശ്രീജിത്ത് മുഖം കഴുകാനാണ് തോട്ടിലിറങ്ങിയത്. ഇതിനിടെ ചെളിനിറഞ്ഞ തോട്ടിലെ വെള്ളത്തില്‍ അകപ്പെടുകയായിരുന്നു. ശ്രീജിത്തിന്‍റെ നിലവിളി കേട്ട സമീപവാസിയായ സിബിച്ചൻ അടുത്തു താമസിക്കുന്ന ജസ്റ്റിയെ വിളിക്കുകയായിരുന്നു.

വെള്ളത്തിലേക്ക് എടുത്തു ചാടിയ ജസ്റ്റി ചെളിയില്‍നിന്നു ശ്രീജിത്തിനെ ഉയർത്തി പുറത്തുകയറ്റി സമീപവാസികള്‍ ഇട്ടുകൊടുത്ത മുളങ്കമ്പില്‍ പിടിച്ചു കരയ്ക്കെത്തിച്ചു. തുടർന്ന് പ്രഥമശുശ്രൂഷ നല്‍കി. മറ്റു പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാല്‍ ശ്രീജിത്തിനെ വീട്ടിലെത്തിച്ചു. സംഭവമറിഞ്ഞു ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തി.