തിരുവനന്തപുരം: മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്‌ആർടിസി ഡ്രൈവർ യദുകൃഷ്ണൻ.
തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം മുൻ മേയർ ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതുകൊണ്ടല്ലെന്നും ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിനാലാണെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞിരുന്നത്. എന്നാല്‍ കെഎസ്‌ആർടിസിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വച്ച് മുൻ മന്ത്രിയുടെ വാദം പൊളിക്കുകയാണ് യദു.
യദു കെഎസ്‌ആർടിസിയില്‍ താല്‍ക്കാലിക ഡ്രൈവർ ആയിരുന്നു. തൃശൂർ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോണ്‍ വെച്ച് ഫോണില്‍ സംസാരിച്ചതിനാണ് നടപടിയെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്. യദു ഫോണില്‍ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്‌ആർടിസി സിഎംഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചത്. ആര്യയുമായുണ്ടായ പ്രശ്‌നം തന്നോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സംസാരിച്ചിട്ടില്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യദു കെഎസ്‌ആർടിസി ആസ്ഥാനത്ത് വിവരാവകാശം വഴി തനിക്കെതിരായ നടപടിയുടെ രേഖകള്‍ തേടിയത്. എന്നാല്‍ ഇത്തരത്തില്‍ താൻ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട് ഒരു രേഖകള്‍ പോലും ചീഫ് ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അന്ന് മന്ത്രി പറഞ്ഞത് കളവായിരുന്നെന്ന് തെളിഞ്ഞെന്നും യദു പറയുന്നു.
പുറത്താക്കിയതിന് കാരണം ആര്യാ രാജേന്ദ്രനും കുടുംബവും ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാല്‍ തന്നെയാണ്. താൻ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചെന്ന് പറഞ്ഞപ്പോഴേ അടുത്ത നടപടി ആലോചിച്ചിരുന്നു. അങ്ങിനെയാണ് വിവരാവകാശം നല്‍കിയതെന്നും യദു കൂട്ടിച്ചേർത്തു.
മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് കെഎസ്‌ആർടിസി ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തിലെ ഡ്രൈവർ യദു ഇപ്പോള്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം ഉള്‍പ്പടെ ജോലികള്‍ ചെയ്താണ് കുടുംബം പുലർത്തുന്നത്. 2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലായിരുന്നു ആര്യയും ഭര്‍ത്താവ് സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് പറഞ്ഞ് തര്‍ക്കമുണ്ടായത്.
മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തതോടെ കെഎസ്‌ആര്‍ടിസി ഡ്രൈവറായിരുന്ന യദുവിന്‍റെ ജോലി നഷ്ടമായി. സംഭവത്തിന് ശേഷം വർഷങ്ങളായെങ്കിലും കേസെവിടെയുമെത്താത്തതിനാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് യദു പറയുന്നു. മറ്റുവഴികളില്ലാതായതോടെ കുടുംബം നോക്കാൻ ഓണ്‍ലൈൻ ഡെലിവറി ബോയുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് യദു. ഇപ്പോള്‍ ഐഎൻടിയുസി യൂണിയനിലും അംഗത്വമെടുത്തിട്ടുണ്ടെന്നും താൻ തിരികെ കെഎസ്‌ആആർടിസിയില്‍ ജോലിയില്‍ പ്രവേശിച്ചെന്ന പ്രചരണം തെറ്റാണെന്നും യദു പറയുന്നു.
