അവസാന പ്രതീക്ഷയും പൊളിഞ്ഞു: പാകിസ്ഥാൻ ലോകകപ്പില്‍ നിന്ന് പുറത്ത്: ഇന്ത്യയെ സെമിയില്‍ നേരിടുക ന്യൂസിലാൻഡ്

കൊല്‍ക്കത്ത: അസാദ്ധ്യമായ അവസാന പ്രതീക്ഷയും നഷ്‌ടപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായി പാകിസ്ഥാൻ.

ഇന്ത്യയെ നവംബര്‍ 15ന് വാങ്കഡെയില്‍ ആദ്യ സെമി ഫൈനലില്‍ നേരിടുക ന്യൂസിലാൻഡ് ആകും. നവംബര്‍ 16ന് ഈഡൻ ഗാര്‍ഡൻസിലെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പോരാട്ടമാണ്. ഇന്ന് ഈഡൻ ഗാര്‍ഡൻസില്‍ നടക്കുന്ന മത്സരത്തില്‍ 6.4 ഓവറില്‍ ഇംഗ്ളണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം നേടിയെങ്കില്‍ പാകിസ്ഥാൻ സെമി ഫൈനലിലെത്തിയേനെ.

എന്നാല്‍ അസാദ്ധ്യമായ ഈ വിജയലക്ഷ്യം നേടാനാകാത്ത പാകിസ്ഥാൻ ബാറ്റിംഗ് തകര്‍ച്ചയെയും നേരിടുകയാണ്. നിശ്ചിത സമയത്ത് പാകിസ്ഥാന് നേടാനായത് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 30 റണ്‍സാണ്.

ടോസ് നേടി ഇംഗ്ളണ്ട് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ പാകിസ്ഥാൻ തങ്ങള്‍ പുറത്തായത് ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്‌ത് ഇംഗ്ളണ്ടിനെതിരെ 287 റണ്‍സ് വിജയം നേടാനായിരുന്നെങ്കില്‍ പാകിസ്ഥാന് സെമിയിലെത്താമായിരുന്നു.

പിന്നാലെ തകര്‍പ്പൻ ബാറ്റിംഗ് ഇംഗ്ളണ്ട് താരങ്ങള്‍ പുറത്തെടുത്തതോടെ പാകിസ്ഥാൻ സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദാവീദ് മലാനും ജോണി ബെയര്‍സ്‌ട്രോയും നല്ലരീതിയില്‍ ബാറ്റിംഗ് തുടക്കം കുറിച്ചു. 13 ഓവറില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടുകെട്ട് നേടി.

പിന്നാലെയെത്തിയ ജോ റൂട്ടും മികച്ച പ്രകടനം പുറത്തെടുത്തു (72 പന്തില്‍ 60), ബെയര്‍സ്‌ട്രോയും അര്‍ദ്ധ സെഞ്ച്വറി നേടി (59). പിന്നാലെയെത്തിയ ബെൻ സ്റ്റോക്‌സ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കസറി. 76 പന്തുകളില്‍ 11 ഫോറും രണ്ട് സിക്‌സറുമടക്കം സ്‌റ്റോക്‌സ് നേടിയത് 84 റണ്‍സാണ്. നായകൻ ബട്ലര്‍ (18 പന്തില്‍ 27), ഹാരി ബ്രൂക്ക് (17 പന്തില്‍ 30) എന്നിവരും നന്നായി തിളങ്ങിയതോടെ തീയുണ്ടകളെറിയുന്ന പാക് ബൗളിംഗ് നിരക്ക് ഒന്നും ചെയ്യാനായില്ല.