കാടുകയറ്റിവിട്ട കാട്ടുപോത്ത് രണ്ട് ‌നില കെട്ടിടത്തിന്റെ മുകളില്‍; മൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടി ജനം

വൈത്തിരി: ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്തിറങ്ങി.

കഴിഞ്ഞദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് ഇറങ്ങിയെത്തിയത്.
ചൊവ്വാഴ്ച ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നിവിടങ്ങളിലാണ് കാട്ടുപോത്ത് എത്തിയത്. മണിക്കൂറുകളോളം ജനവാസ മേഖലയിലൂടെയും ദേശീയപാതയിലൂടെയും കാട്ടുപോത്ത് നടന്നു നീങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റിയ കാട്ടുപോത്താണിത്. ആളുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെങ്കിലും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ആശങ്കയാവുകയാണ്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ആദ്യം പോത്ത് എത്തിയത്. ഫുട്‌ബോള്‍ കളിക്കുകയായിരുന്ന ആളുകള്‍ പോത്തിനെ കണ്ടതോടെ ഗ്രൗണ്ടില്‍ നിന്നും ഓടി കയറി. പിന്നീട് സ്‌കൂളിനു സമീപത്തെ പുഴ മറികടന്ന് തേയില തോട്ടത്തിലേക്ക് കയറി.

ഉച്ചയ്ക്കുശേഷം വൈത്തിരി ടൗണില്‍ ദേശീയ പാത മുറിച്ചു കടന്ന് പൊഴുതന റോഡിലേക്ക് നീങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ ചേലോട് മഖാമിന് സമീപമാണ് പോത്ത് ഒടുവിലെത്തിയത്.

മണിക്കൂറുകളോളം പോത്ത് ജനവാസ മേഖലയില്‍ വിഹരിച്ചിട്ടും കാടുകയറ്റാനായി വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. കാല്‍നടയാത്രക്കാർ ഉള്‍പ്പെടെ പോത്തിന് മുന്നില്‍പ്പെട്ടാല്‍ ജീവഹാനി ഉള്‍പ്പെടെ സംഭവിക്കാൻ സാധ്യതയുണ്ട്. അതുപോലെതന്നെ അടിയന്തരമായി പോത്തിനെ കാടുകയറ്റണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.