തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്.
വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ അനുവദിച്ചിരുന്ന ഒരു മാസത്തെ ക്ഷേമ പെൻഷൻ ഇന്നുമുതലാണ് വിതരണം ആരംഭിച്ചത്.
3200 രൂപ വീതമാണ് ഇതോടെ പെൻഷൻ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റില്‍ പ്രഖ്യാപിച്ചതു പോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
